Saturday, October 9, 2010

കഥ പുറത്തേക്ക് പിടിച്ചു തള്ളുന്നു

കരുണാകരന്റെ കഫേ ദു ഫ് ലോർ എന്ന കഥയെക്കുറിച്ച്
(മാധ്യമം ആഴ്ചപ്പതിപ്പ് ആഗസ്റ്റ് 16)

ആദ്യമായി കരുണാകരന്റെ കഥ വായിച്ചത് ഇരുപത്  കൊല്ലങ്ങൾക്കപ്പുറമാണ്‌. നീണ്ടകാലം ഒരാളുടെ എഴുത്തിനെ   എങ്ങനെ / എന്തുകൊണ്ട് പിന്തുടരുന്നു എന്ന് സ്വയം ചോദിച്ചിട്ടുണ്ട്. അതത് ദശകങ്ങളിലെ ലോകത്തെക്കാണാൻ ആ ദശകങ്ങളിലെ ചെറുപ്പക്കാർ ഇപ്പോഴും ഇവിടെ വരുന്നു എന്ന് കഥയിൽ  കഫേ ദുഫ് ലോറിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ നമ്മുടെ പ്രിയങ്ങൾ കാലത്തിലൂടെ എന്ന പോലെ പല പല എഴുത്തുകാരിലൂടെ കടന്നുപോകുന്നു. പ്രിയം തോന്നിയ ഒരെഴുത്ത് ക്രമേണ അങ്ങനെ അല്ലാതാകും. ഏറെ രസിപ്പിച്ച ഒരാൾ പിന്നിട് അത്രയും തന്നെ മുഷിപ്പിക്കും.ആനുകാലികങ്ങളിൽ ചില പേരുകൾ കാണുംമ്പൊഴെ നാം പേജുകൾ മറിയ്ക്കും.

കുട്ടികൾ കൊഴിഞ്ഞുപോകുന്ന പള്ളിക്കൂടങ്ങൾ തന്നെ എഴുത്തുകാരുടേതും. വായനക്കാർ കൂട്ടത്തോടെ വിട്ടുപോയാലും നിലനില്ക്കുന്നത് അയാളിലേയ്ക്ക് പുതിയവർ എത്തിച്ചേരുന്നത് കൊണ്ടാകണം.  സ്വന്തം വായനക്കാരെ  വലിയൊരു കാലം  ഒപ്പംകൂട്ടുന്നവർ നന്നേ കുറയും.ഒരിടക്കാലത്തേയ്ക്ക് താവളമാകുന്ന ഇടത്തരം എഴുത്ത് ഏറെയുണ്ട് താനും. ആ കഥകൾ വായിക്കുമ്പോൾ ഹാർമോണിയത്തിന്റെയൊ തബലയുടെയൊ ശബ്ദം നാം കേൾക്കും. അവ അച്ചടിച്ചുവരുന്ന  കഥാപ്രസംഗങ്ങൾ.
അടുത്തിടെ ചർച്ച ചെയ്യപ്പെട്ട ചില നോവലുകൾ പോലും ദീർഘമായ കഥാപ്രസംഗങ്ങളായിരുന്നു.

എന്താണ്‌ കരുണാകരന്റെ കഥകളുടെ പ്രത്യേകത , ഒന്നാമത്തെ കാര്യം കരുണാകരൻ ഒരു കാഥാകാരനല്ല എന്നതാണ്‌. പറച്ചിലിന്റെ പഴയ വഴിയേയും കഥയെത്തന്നെയും കൈവെടിഞ്ഞ ഒരാഖ്യാനമാണത്.രണ്ടാമത്തെകാര്യം  അതിന്റെ ഘടനയാണ്‌ . അവ ഒറ്റ വാതിലുള്ള രാവണൻ കോട്ട ആകില്ല. രഹസ്യ അറകൾ തുറന്ന് നമ്മെ വിസ്മയിപ്പിക്കുകയുമില്ല. എന്നാൽ നിരവധി പുറം വാതിലുകളുള്ള സവിശേഷമായ ഒരു വാസ്തു ഘടന പൊതുവായുണ്ട്.കഥകളിലേയ്ക്ക് കടക്കുമ്പോൾ വളരെ പ്പെട്ടെന്ന് അത് പുറത്തേയ്ക്കൊരു വാതിൽ ചൂണ്ടും. വായന തുടർന്നാൽ സൌമ്യമായി മറ്റൊരു വാതിലേയ്ക്ക് നയിക്കും. ചിലപ്പോൾ നമ്മെ മുറുകെ പിടിയ്ക്കും. ആ പിടി വിടാതെ തന്നെ മറ്റൊരു വാതിലിലൂടെ ശക്തിയിൽ പുറത്തേയ്ക്ക് തള്ളും


ദാമുവിന്റെ വലതുമുട്ടിന്‌താഴെ മുറിഞ്ഞുപോയ കാലിന്റെ അടയാളം തുന്നിക്കെട്ടിയ ഒന്നിലധികം ചുണ്ടുകൾ പോലെ കണ്ടു... കഫേ ദു ഫ് ലോറിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ വാതിൽ ഇതായിരുന്നു. കടന്നു പോയൊരു കാറ്റ് എന്താണ്‌ നിലപാടെന്ന് ചിരിച്ചു. എന്റെ ക്രച്ച്  എന്ന ശബ്ദം എന്നെ കഥയിലേയ്ക്ക് കൊണ്ടുവന്നു.

കാറിനൊപ്പം പറന്നകാറ്റിൽ റോഡിനപ്പുറമുള്ള കടൽ നിറഞ്ഞു. കടലിനും മീതെ അതിന്റെ നിഴൽ പോലെ ആകാശം ഇളകുന്നത് ദാമു സങ്കല്പ്പിച്ചു. അതിന്‌ മീതെ പഴയൊരു ശബ്ദം ഏതോ ഒരു വിളിയുടെ മാറ്റൊലിപോലെ വന്നു വീണതും സങ്കല്പ്പിച്ചു. കൈകൾ പിറകിൽ കെട്ടി കടലിൽ താണു പോകുന്ന പോലെ എന്ന് ദാമു ചില നിമിഷങ്ങൾ ശ്വാസം വിടാതെ ഇരുന്നു
 ഇങ്ങനെ സങ്കല്പ്പിക്കാനും ,  ശ്വാസം വിടാതെ ഇരിക്കാനും സമയം  വേണമായിരുന്നു. വയനക്കാരന്‌  ഇങ്ങനെ ചില  നേരങ്ങളിൽ കഥയിൽ പങ്കെടു
ക്കേണ്ടിവരും.കാലവും രോഗവും മനസിന്റെ തന്നെ തുരുമ്പ്. അതിന്റെ മണമാണ്‌ ലോഹ നിർമ്മിതമായ ഈ കാറിലും എന്ന് വായിച്ച്‌ പഴയ മാവൊ വാദികളുമായി സഹയാത്ര പറ്റാതെ കാറിന്റെ ഡോർ തുറന്നു.

മാത്യു പറഞ്ഞു - അനീതിയുണ്ട് ഇപ്പോഴും.നമ്മൾ നേരിട്ടതിനേക്കാൾ ഇരട്ടി. വെറെയൊരു യുവത്വം അതിനെ വേറെയൊരു വിധത്തിൽ നേരിടുന്നു. വീണ്ടും നിശബദത വന്നു.ലോഹ നിർമ്മിതമാണ്‌ ഈ നിശബദതയും എന്ന് ലൈലയ്ക്ക് തോന്നി. തങ്ങളുടെ മൌനം അതേസമയം എല്ലാവരും കേൾക്കുന്നുണ്ടെന്നും.

മുറിഞ്ഞുപോയ കാലിന്റെ അടയാളം തുന്നിക്കെട്ടിയ ഒന്നിലധികം ചുണ്ടുകൾ പോലെ കണ്ടു.എന്ന വാതിലിലൂടെ തന്നെ വീണ്ടും കഥയിൽ നിന്നിറങ്ങി. അസ്വസ്ഥത മാറാൻ കുറെദൂരം നടന്നു.മടങ്ങിയെത്തുമ്പോൾ കഥയിൽ ദാമുവിനെ മൂന്നു മുഖം മൂടികൾ ആക്രമിക്കുകയായിരുന്നു.

 അക്രമികളിൽ ഒരാൾ. സർ താങ്കളുടെ ജോലി എന്താണ്‌ എന്ന്‌ ദാമുവിന്റെ ചെവിയിൽ സ്വകാര്യം പോലെ , ഒരു പക്ഷേ സൌമ്യമായ പ്രവൃത്തികൂടിയാണ്‌  ഏത് ആക്രമണവും എന്ന് തോന്നിപ്പിച്ചുകൊണ്ട് ചോദിച്ചു.
പിച്ചതെണ്ടൽ,  ഞാൻ കവിയാണ്‌..ദാമു കണ്ണുകൾ തുറക്കാതെ പറഞ്ഞു.

കഥ എന്നെ ഇങ്ങനെ കൂട്ടിപ്പിടിച്ച് ഒട്ടും വൈകാതെ ഒരു ചിരിപൊട്ടി.

അവരിൽ ഒരാൾ ദാമുവിനെ നോക്കി, കവികളെ പക്ഷേ ഇടക്കൊക്കെയും ആക്രമിയ്ക്കും, അവർ സ്വർണ്ണവ്യാപാരികൾ ആയോ എന്നറിയാൻ എന്നു പറഞ്ഞു.

തന്റെ നിസഹായതയിലോ ഏകാന്തതയിലോ ഇതിനകം അവർ താമസമുറപ്പിച്ചു എന്നു തോന്നിയ ദാമു ഇരിപ്പു മുറിയിൽ നിന്ന് പുറത്തേയ്ക്ക് നിലത്തിരുന്നു കൊണ്ടു തന്നെ നിരങ്ങി.

...കുറേനാളുകൾക്കുശേഷം നേരം പുലരുന്നതു കാണുകയാണ്‌ എന്നോർത്തപ്പോൾ തന്നോടൊപ്പം അലങ്കോലപ്പെട്ട വീടും അയാൾക്ക് പിറകിലായി. ഉമ്മറത്ത് വാതിലിന്റെ ചുമരിനോട് അയാൾ ചേർന്നിരുന്നു, കാല്‌ നീട്ടി. മുറിഞ്ഞ കാൽ അതിന്റെ ചുണ്ടുകളിൽ ചോര പടർത്തിയത് കണ്ടു. മുറ്റം, മതിൽ കടന്ന് കണ്ണുകൽ ആകാശത്ത് ഇരുട്ടിൽ, ഇനി കണ്ണ്‌ എടുക്കില്ല എന്ന്‌ കിഴ്ക്കോട്ടു നോക്കി ഉറപ്പിച്ചു. ഇടയ്ക്ക് കണ്ണുകൾ അടഞ്ഞു പോകുമ്പോൾ ഉറങ്ങല്ലേ എന്റെ കുട്ടികളേ എന്ന് കൺപോളകൾ വിടർത്തി അവയെ തിരിച്ചു വിളിച്ചു. വഴിയിൽ വീഴുകയും ഉറങ്ങിപ്പോകുകയും പകലാവുകയും ചെയ്തുവെങ്കിലും.

പിൻ വാങ്ങിയ ഇടങ്ങളിലെ മുഖം മൂടി ആക്രമണം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ഏകാകിയും ഒറ്റക്കാലനും കവിയുമായ ഒരുത്തന്റെ അവിടുന്നുള്ള നിരങ്ങി ഇറങ്ങൽ വേദന നിറഞ്ഞ ആഹ്ലാദമായി. കഥാന്ത്യത്തിന്റെ ആ വൈകാരികത ഈ കുറിപ്പിന്റെ പ്രേരണ.

No comments:

Post a Comment