Thursday, September 30, 2010

ഭരണകൂടത്തിന്റെ സംഗീതം



ഒരാൾ എന്തു പാട്ടുകേൾക്കണം, എന്തു സംഗീതം ആസ്വദിക്കണം, ആലപിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അവിശ്വസിനീയാമായി തോന്നാം.സ്ത്രീകളുടെ സംഗീതപരിപാടികളും സ്വദേശിയല്ലാത്ത സംഗീതങ്ങളും ഇറാനിൽ വിലക്ക -പ്പെട്ടിരിക്കുന്നു.വിലക്കപ്പെട്ട എന്തും എവിടേയും നിലനിൽക്കുന്നപോലെ, അധോലോകത്തേയ്ക്ക്‌ പിൻ വാങ്ങി നിൽക്കുന്ന ഇറാനിലെ മ്യൂസിക്‌ ക്ലബ്ബുകളെ മുൻ നിർത്തിയുള്ള ബഹ്‌മാൻ ഗോബാദിയുടെ സിനിമയാണ്‌.No one knows about Persian cats.

ഇറാനിൽ നിന്നുള്ളവരുടെ ഒരു മ്യൂസിക്‌  ബാന്റുണ്ടാക്കി വിദേശത്ത്‌ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിക്കുന്ന രണ്ടു യുവസംഗീതജ്ഞരും അതിനവരെ സഹായിക്കുന്നയാളുമാണ്‌ പ്രധാന കഥാപാത്രങ്ങൾ.കേന്ദ്രപ്രമേയത്തിനൊപ്പം സിനിമ ചർച്ചചെയുന്ന രണ്ടു സംഗതികൾ , കുടിയേറ്റവും അധോലോകവുമാണ്‌. അമേരിക്കയിലും യൂറോപ്പിലും  ഗൾഫിലും വലിയതോതിൽ കൂടിയേറിയിട്ടുള്ള ജനവിഭാഗമാണ്‌ ഇറാനികൾ.എന്നാലിന്ന് പുതിയതലമുറയെ സംബന്ധിച്ച്‌ അതിന്റെ പ്രേരണകളും കാരണങ്ങളും വേറേയാണ്‌.കലയുടെ ഒരധോലോകത്തെ ചൂണ്ടി  ഗുണ്ടകളുടേയും സാമൂഹിക വിരുദ്ധരുടേയും അധോലോകങ്ങളിലേയ്ക്ക്‌ മറ്റൊരു നോട്ടമയയ്ക്കുന്നുമുണ്ട്‌ ഈ സിനിമ.

എന്തു കൊണ്ടാണ്‌ ഒരാൾ അനധികൃത തൊഴിലാളിയാകുന്നത്‌, നിർമ്മാണവേലചെയ്യാൻ ഒരു പെൺകുട്ടിയ്ക്ക്‌ എന്തുകൊണ്ട്‌ ആൺ വേഷം കെട്ടേണ്ടിവരുന്നു? ഫൂഡ്ബാൾ കളിച്ചാൽ ഇറാനിലെ പെണ്ണിന്‌ എന്തുസംഭവിക്കും? ഇങ്ങനെ ഇറാനി സിനിമകൾ ഉന്നയിച്ച്ചിട്ടുള്ള ചോദ്യങ്ങളുടെ തുടർച്ചയിലാണ്‌ ബഹ്മാൻ ഗോബാദിയും. കാലഹരണപ്പെട്ടഭരണകൂടവും  അത്‌ സൃഷിക്കുന്ന അസ്വാതന്ത്ര്യവും  മനുഷ്യാവകാശ ലംഘനങ്ങളും മാത്രമല്ല, പരിമിതികളിൽ നിന്ന് സവിശേഷ പ്രാപ്തികൾ ഉരുത്തിരിയുന്ന വിധം മജീദ്‌ മജീദിയെ പോലുള്ളവർ ആവിഷ്കരിച്ചത്‌  സിനിമയിലെ തന്നെ പ്രത്യാശയുടെ വലിയ ഏടാണ്‌.

സിനിമയിൽ കാണിച്ചിട്ടുള്ള എല്ലാസംഗീത സംഘങ്ങളും ഇറാനിൽ നിലനിൽക്കുന്നവ യാണെന്നും, അതിലെ യുവാക്കളുമായുള്ള ആശയവിനിമയവും അടുപ്പവും തന്റെ ജീവിതവീക്ഷണത്തിൽ  കൂടുതൽ ഗുണപരമായ മാറ്റമാണുണ്ടാക്കിയതെന്നും പ്രദർശനം കഴിഞ്ഞുള്ള മുഖാമുഖത്തിൽ ഗോബാദി തുറന്നു പറഞ്ഞു.. സംഗീതജ്ഞരെ തേടിപിടിക്കുന്നതിനും കൂട്ടിയിണക്കുന്നതിനും കണ്ണിയായ്‌ അഭിനയിച്ച ഹാമദ്ബഹ്ദാദ്‌ എന്ന നടന്റെ സംഭാഷണങ്ങളിൽ പോലുംസംഗീതവേഗമുണ്ടായിരുന്നു.പോലീസ്‌ ചോദ്യം ചെയ്യൂമ്പോഴുള്ള അയാളുടെ മറുപടി ഒരു പേർഷ്യൻ പോപ്പുപോലെ തോന്നിച്ചു. അബുദബി ഫെസ്റ്റിവലിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും ഹാമദ്‌ ബഹ്ദാദായിരുന്നു.

തെരുവോരത്തെ ഒരുകെട്ടിടത്തിൽ ഒന്നാം നിലയിൽപാട്ടും നൃത്തവും അരങ്ങേറുമ്പോൾ  അതുകണ്ടുകൊണ്ട്‌ നഗരത്തിൽ നിശാനിയമം പ്രഖ്യാപിച്ചത്‌ അറിയിക്കുന്ന പൊലീസ്‌. ആരും ഒന്നും ശ്രദ്ധിക്കുന്നില്ല .മെല്ലെ മെല്ലെ  പൊലീസ്‌ അറിയിപ്പിന്‌ പാട്ടിന്റെ അതേ താളം കൈവരുന്നു. ഒന്നും വാർത്തയല്ലാതായി മാറിയ, ആക്രമണവും തിരിച്ചടിയും തുടർക്കഥയായ്‌ നീളുന്ന പലസ്തീൻ  ഇസ്രയേൽ സംഘർഷത്തിന്റെ ആവിഷ്കാരമാണ്‌ ഏലിയ സുലൈമാന്റെ ‘Time that remains’.


താൻ ജനിച്ചു വളർന്ന നസ്‌റേത്ത്‌  നഗരത്തെ പശ്ചാത്തലമാക്കി വൈയക്തികമായതിന്റെ രാഷ്‌ട്രീയം  അന്വേഷിക്കുന്ന ‘Time that remains’ ആണ്‌ മിഡിൽ ഈസ്റ്റ്‌ സിനിമാവിഭാഗത്തിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. പിതാവിന്റെ ഡയറിക്കുറിപ്പുകളുടെ സഹായത്താൽ ഇസ്രയേലി അധിനിവേശത്തിന്റെ അറുപതു വർഷങ്ങളിലൂടെയുള്ള ചലച്ചിത്ര സഞ്ചാരം.  1948ൽ ഇസ്രായേൽ സൈന്യത്തിന്‌ കീഴടങ്ങി നസ്‌റേത്തിന്റെ മേയർ പരാജയ ഉടമ്പടി ഒപ്പുവെക്കുന്നതാണ്‌ സിനിമയുടെ തുടക്കം.

തോക്കുണ്ടാക്കിയിരുന്ന പിതാവിന്റെ ചെറുത്തുനിൽപ്പും  കീഴടങ്ങലും "ഇന്നു കാണുന്ന സ്വപ്‌ നങ്ങളെ നാളെ നാം നിർമ്മിക്കും,നാളെ അല്ലെങ്കിൽ തൊട്ടടുത്ത നാൾ.."  എന്നു പാടിയ സ്കൂൾ കാലം, നാടു കടത്തപ്പെട്ട കൗമാരം, വിധവയും വൃദ്ധയുമായ മാതാവിന്റെ അടുത്തേക്കു മടങ്ങി വരുന്ന അവസാനഭാഗം ഇങ്ങനെ നാലു ഘട്ടങ്ങളിലാണ്‌ സിനിമ സംഭവിക്കുന്നത്‌.
അസാധാരണമായ മിതത്വവും മൂർച്ചയേറിയ  നർമ്മവും ഏലിയ സുലൈമാന്റെ സിനിമയുടെ പൊതു അടയാളമാണ്‌. നഗരം കീഴടക്കി പട്ടാളം മാർച്ച്‌ ചെയ്യുമ്പോൾ ആളൊഴിഞ്ഞ വീടുകൾ ചിത്രീകരിച്ചുകൊണ്ടാണ്‌ സിനിമ ദേശം വിട്ടുപോയവരെക്കുറിച്ച്‌ പറയുന്നത്‌. ആവർത്തിക്കുന്ന, കെട്ടിക്കിടക്കുന്ന കാലസ്ഥിതിയെ ആവിഷ്കരിക്കുമ്പോൾ ഏലിയ സുലൈമാന്‌ സിനിമ  വിഭജനത്തിന്റെ എല്ലാമതിലുകൾക്കും മീതേയുള്ള കഴകുത്തിച്ചാട്ടമാണ്‌, സിനിമയിലെ ആ പോൾവാട്ട്‌ ദൃശ്യം ഏത്‌ തിയറ്ററിലും കരഘോഷംനിറയ്ക്കും.

റ്റെടിബെയർ




ഒരു തലമുറയ്ക്കും അതെത്ര ആഗ്രഹിച്ചാലും , എത്ര യാഥാസ്ഥിതികമായാലും  മുന്നേപോയവരെ അങ്ങനെതന്നെ പിൻ തുടരാനാവില്ല.മാത്രമല്ല ജീവിതത്തെ പുതുക്കാനുള്ള ആവേശവും അഭിലാഷങ്ങളും യുവത്വം തീക്ഷ്ണമായി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ പറഞ്ഞുവച്ച വഴികളിൽ നിന്ന് എങ്ങനെ  വേറിട്ടതാക്കുമെന്ന ചോദ്യം  അത്ര ലളിതമല്ല .അത്‌ എത്രത്തോളം സാധ്യമാകുമെന്നത്‌ സാമുഹികമായും സാമ്പത്തികമായും രാഷ്‌ട്രീയമായും ഒരാൾക്ക്‌ ലഭിക്കുന്ന സ്വാതന്ത്ര്യത്തെയും അയാളുടെ സർഗ്ഗാത്മകതയേയും ആശ്രയിച്ചിരിക്കും.

Hipsters ( ടെഡിബെയർ) എന്ന റഷ്യൻ ചലച്ചിത്രമാണ്‌ അബ്ബാസ്‌ കിയരോസ്തമിയുടെ നേതൃത്വത്തിലുള്ള ജൂറി കഴിഞ്ഞ അബുദബി രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച
ചിത്രമായി തിരഞ്ഞെടുത്തത്‌. പാശ്ചാത്യ സംസ്കാരത്തിന്റെ  താവളങ്ങളേയും നിശാക്ലബ്ബുകളേയും റെയ്ഡ്‌ ചെയ്തു പിടിക്കുന്ന യുവ കമ്യൂണിസ്റ്റുകളിൽ പെട്ട ഒരാൾ, പാട്ടും നൃത്തവും ഫാഷന്റെ വർണ്ണപകിട്ടും നിറഞ്ഞ  ജീവിതത്തിലേക്ക്‌  പാർട്ടികാർഡ്‌ ഉപേക്ഷിച്ച്‌ കൂറുമാറുന്നതാണ്‌ പ്രമേയ കേന്ദ്രം. ഒരാൾ തന്റെ ജീവിതം വ്യത്യസ്തമാകണമെന്നാഗ്രഹിക്കുമ്പോൾ  പാരമ്പര്യവും, മതവും ,രാഷ്‌ ട്രീയ സിദ്ധാന്തങ്ങളും , ഭരണകൂടങ്ങളും നിശ്ചയിച്ച വഴികൾ നിരസിക്കപ്പെടുന്നു. അമ്പതുകളിലെ സോവിയറ്റ്‌ ജീവിതപശ്ചാത്തലത്തിൽ Valeri Todorovsky സംവിധാനം ചെയ്ത സിനിമ നരച്ച മോസ്കോ തെരുവിലേയ്ക്ക്‌  നിറങ്ങൾ കോരി ഒഴിച്ച്‌  ഏകതാനമായ ജീവിത ത്തിന്റെ വിരസതയെ ചൂണ്ടുന്നു.


ജീവിതം കൊണ്ടു കലഹിച്ച ഹിപ്പികളുടേതു പോലുളള ഉപ സംസ്കാരങ്ങളെ,വ്യവസ്ഥ അരാജകമെന്ന് വിളിച്ചത്‌ അതിലടങ്ങിയ വ്യവസ്ഥാവിരോധവും കലാപശേഷിയും തിരിച്ചറിഞ്ഞുകൊണ്ടാണ്‌. Hipsters -ൽ കൂറുമാറുന്നവനെ ശത്രുവായിട്ടല്ല ഒറ്റുകാരനായിട്ടാണ്‌ അയാളുടെ സുഹൃത്തുക്കൾ മുദ്രയടിക്കുന്നത്‌. സ്വാതന്ത്ര്യത്തിനും പ്രണയത്തിനും വേറിട്ട ജീവിതത്തിനുമുള്ള തീക്ഷ്ണമായ അഭിലാഷങ്ങൾ ഏതുകാലത്തു -മുണ്ടായിരിക്കുമെന്നതിനാൽ തന്റെ സിനിമയെ  അമ്പതുകളിലെ  സോവിയറ്റ്‌ പശ്ചാത്തലത്തിൽ ഒതുക്കി ഉറപ്പിക്കേണ്ടതില്ല എന്ന നിലപാടാണ്‌ സംവിധായകൻ പങ്കുവയ്ക്കുന്നത്‌ . പോയ വർഷത്തെ മികച്ച സിനിമയ്ക്കുള്ള
റഷ്യൻ ദേശീയ ബഹുമതി   നേടിയതും ഈ ചിത്രം തന്നെ.