Thursday, September 30, 2010

റ്റെടിബെയർ




ഒരു തലമുറയ്ക്കും അതെത്ര ആഗ്രഹിച്ചാലും , എത്ര യാഥാസ്ഥിതികമായാലും  മുന്നേപോയവരെ അങ്ങനെതന്നെ പിൻ തുടരാനാവില്ല.മാത്രമല്ല ജീവിതത്തെ പുതുക്കാനുള്ള ആവേശവും അഭിലാഷങ്ങളും യുവത്വം തീക്ഷ്ണമായി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ പറഞ്ഞുവച്ച വഴികളിൽ നിന്ന് എങ്ങനെ  വേറിട്ടതാക്കുമെന്ന ചോദ്യം  അത്ര ലളിതമല്ല .അത്‌ എത്രത്തോളം സാധ്യമാകുമെന്നത്‌ സാമുഹികമായും സാമ്പത്തികമായും രാഷ്‌ട്രീയമായും ഒരാൾക്ക്‌ ലഭിക്കുന്ന സ്വാതന്ത്ര്യത്തെയും അയാളുടെ സർഗ്ഗാത്മകതയേയും ആശ്രയിച്ചിരിക്കും.

Hipsters ( ടെഡിബെയർ) എന്ന റഷ്യൻ ചലച്ചിത്രമാണ്‌ അബ്ബാസ്‌ കിയരോസ്തമിയുടെ നേതൃത്വത്തിലുള്ള ജൂറി കഴിഞ്ഞ അബുദബി രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച
ചിത്രമായി തിരഞ്ഞെടുത്തത്‌. പാശ്ചാത്യ സംസ്കാരത്തിന്റെ  താവളങ്ങളേയും നിശാക്ലബ്ബുകളേയും റെയ്ഡ്‌ ചെയ്തു പിടിക്കുന്ന യുവ കമ്യൂണിസ്റ്റുകളിൽ പെട്ട ഒരാൾ, പാട്ടും നൃത്തവും ഫാഷന്റെ വർണ്ണപകിട്ടും നിറഞ്ഞ  ജീവിതത്തിലേക്ക്‌  പാർട്ടികാർഡ്‌ ഉപേക്ഷിച്ച്‌ കൂറുമാറുന്നതാണ്‌ പ്രമേയ കേന്ദ്രം. ഒരാൾ തന്റെ ജീവിതം വ്യത്യസ്തമാകണമെന്നാഗ്രഹിക്കുമ്പോൾ  പാരമ്പര്യവും, മതവും ,രാഷ്‌ ട്രീയ സിദ്ധാന്തങ്ങളും , ഭരണകൂടങ്ങളും നിശ്ചയിച്ച വഴികൾ നിരസിക്കപ്പെടുന്നു. അമ്പതുകളിലെ സോവിയറ്റ്‌ ജീവിതപശ്ചാത്തലത്തിൽ Valeri Todorovsky സംവിധാനം ചെയ്ത സിനിമ നരച്ച മോസ്കോ തെരുവിലേയ്ക്ക്‌  നിറങ്ങൾ കോരി ഒഴിച്ച്‌  ഏകതാനമായ ജീവിത ത്തിന്റെ വിരസതയെ ചൂണ്ടുന്നു.


ജീവിതം കൊണ്ടു കലഹിച്ച ഹിപ്പികളുടേതു പോലുളള ഉപ സംസ്കാരങ്ങളെ,വ്യവസ്ഥ അരാജകമെന്ന് വിളിച്ചത്‌ അതിലടങ്ങിയ വ്യവസ്ഥാവിരോധവും കലാപശേഷിയും തിരിച്ചറിഞ്ഞുകൊണ്ടാണ്‌. Hipsters -ൽ കൂറുമാറുന്നവനെ ശത്രുവായിട്ടല്ല ഒറ്റുകാരനായിട്ടാണ്‌ അയാളുടെ സുഹൃത്തുക്കൾ മുദ്രയടിക്കുന്നത്‌. സ്വാതന്ത്ര്യത്തിനും പ്രണയത്തിനും വേറിട്ട ജീവിതത്തിനുമുള്ള തീക്ഷ്ണമായ അഭിലാഷങ്ങൾ ഏതുകാലത്തു -മുണ്ടായിരിക്കുമെന്നതിനാൽ തന്റെ സിനിമയെ  അമ്പതുകളിലെ  സോവിയറ്റ്‌ പശ്ചാത്തലത്തിൽ ഒതുക്കി ഉറപ്പിക്കേണ്ടതില്ല എന്ന നിലപാടാണ്‌ സംവിധായകൻ പങ്കുവയ്ക്കുന്നത്‌ . പോയ വർഷത്തെ മികച്ച സിനിമയ്ക്കുള്ള
റഷ്യൻ ദേശീയ ബഹുമതി   നേടിയതും ഈ ചിത്രം തന്നെ.

No comments:

Post a Comment